ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തന്റെ വിഹാരരംഗമായ അകവൂര്‍മനയും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉള്‍ക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. തൃക്കണിക്കാവ് ഉള്‍ക്കൊള്ളുന്ന പഴയ വെള്ളാരപ്പിള്ളി ഗ്രാമത്തിലെ പുതിയേടം കൊട്ടാരത്തിലാണ് കൊച്ചി രാജവംശത്തിലെ പ്രഗല്ഭനായ ശക്തന് തമ്പുരാന് ജനിച്ചത്. ഈ പഞ്ചായത്തിലെ ചൊവ്വര പ്രദേശം കൊച്ചി രാജാക്കന്മാരുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു. ചൊവ്വരയില്‍ വെച്ചു തീപ്പെട്ട മൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഓര്‍മ്മക്കായി മുമ്പ് കൈപ്രക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശ്രീമൂലനഗരം എന്ന പേരു നല്കപ്പെട്ടു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ള ചൊവ്വര പരമേശ്വരന്, കെ.സി.എം.മേത്തര്‍ തുടങ്ങിയവര്‍ക്ക് എന്നിവര്‍ക്കു ജന്മം നല്‍കിയത് ഈ പ്രദേശമാണ് .ഈ.എം.എസ് ജന്മിനാടുവാഴിത്തത്തിനതിരയുള്ള പോരാട്ടത്തില്‍ ഈ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ സി.അച്യുതമേനോനും കെ.സി.ജോര്‍ജിനും, പി.ഗോവിന്ദപ്പിള്ളയ്ക്കും ഈ പ്രദേശം ഒളിത്താവളമായിരുന്നു എന്ന് പറയപ്പെടുന്നു. ഈ പ്രദേശത്തെ ഭൂമി മുഴുവനും അകവൂര്‍ മന, പാലേലി മന, വെടിയൂര്മന, വെണ്മണി മന എന്നീ നമ്പൂതിരി ഇല്ലങ്ങളുടേയും തിരുവൈരാണിക്കുളം, എടനാട് ദുര്‍ഗ്ഗാക്ഷേത്രം എന്നീ ദേവസ്വങ്ങളുടേയും അധീനതയിലായിരുന്നു. കുറച്ച് കാലം മുന്‍പ് വരെ ഇവിടെ തൊട്ടുകൂടായ്മയും തീണ്ടിക്കുടായ്മയും നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയതോടുകൂടി കൃഷിഭൂമി കര്ഷകന് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയും ഭൂമിയുടെ ഉടമസ്ഥത കര്‍ഷകരുടെ കൈവശം എത്തുകയും ചെയ്തു.ശ്രീമൂലനഗരം ഭൂഘടന അനുസരിച്ച് ഈ ഭൂവിഭാഗം സെന്‍ട്രല്‍ മിഡ്ലാന്‍ഡ് സോണില്പെടുന്നു. മാവ്, പ്ളാവ്, വാളന്‍പുളി, കുടമ്പുളി, തേക്ക്, പേരാല്‍, കശുമാവ്, പാല, മട്ടി, പന തുടങ്ങിയ വ്യക്ഷങ്ങളാണുള്ളത്. വൈവിധ്യമാര്‍ന്ന നാടന്‍ മാവിനങ്ങള്‍ ധാരാളമുണ്ടായിരുന്ന നാടാണ് ശ്രീമൂലനഗരം. നാടന്‍ മാവിനത്തില് ചന്ദ്രക്കാരന്‍ എന്ന സവിശേഷ ഇനം കണ്ടുവരുന്നു. കാര്‍ഷിക നാണ്യവിളകളായ ജാതി, ഗ്രാമ്പൂ, തെങ്ങ്, റബ്ബര്‍, കമുക്, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഈ പ്രദേശത്ത് അടക്കാകൃഷി വന്‍തോതില്‍ ഉണ്ടായിരുന്നതാണ്. പുരയിടങ്ങളില്‍ കൈയ്യുണ്യം, കുറുന്തോട്ടി, കൊടുത്തുവ, മുക്കുറ്റി, കീഴാര്‍നെല്ലി, നിലപ്പന, തൊട്ടാവാടി, തുളസി, കര്‍ലകം, കരിനൊച്ചി, ചിറ്റമൃത്, ആടലോടകം, തഴുതാമ എന്നീ ഔഷധ സസ്യങ്ങളും കണ്ടുവരുന്നു. ഇവിടെ ആദ്യമായി ആരംഭിച്ച ചൊവ്വര ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ അതിന്റെ നൂറാം വര്‍ഷമായ 1993-ല്‍ ബഹുജനപങ്കാളിത്തത്തോടെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. 1990-ല്‍ ഈ പഞ്ചായത്ത് സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു. എറണാകുളം ജില്ല സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തില്‍ ഈ പഞ്ചായത്ത് മാത്യകപരമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുകയുണ്ടായി. ഇവിടുത്തെ പരമ്പരാഗത തൊഴില്‍ മേഖല എന്നു പറയാവുന്നത് ഒറ്റപ്പെട്ട നിലയിലുള്ള കുട്ടനെയ്ത്ത്, പനമ്പുനെയ്ത്ത്, കളിമണ്‍ പാത്രനിര്‍മ്മാണം എന്നിവയാണ്. വനിതകള്‍ക്കായി ജോലി പരിശീലന-ഉല്പാദന കേന്ദ്രമായി ഒരു നൂല്-നൂപ്പ്-നെയ്ത്ത് യൂണിറ്റ് ഖാദി ബോര്‍ഡിന്റെ കീഴില്‍ ശ്രീമൂലനഗരത്ത് പ്രവര്‍ത്തിച്ചിരുന്നു. ശ്രീമൂലനഗരം പഞ്ചായത്തില്‍ കൂടി ദേശം-മലയാറ്റൂര്‍, ശ്രീമൂലനഗരം-വല്ലം എന്നി പി.ഡബ്ള്യു.ഡി റോഡുകള്‍ കടന്നുപോകുന്നു. 10 വാര്‍ഡുകളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നു പോകുന്ന എം.എല്‍.എ. റോഡാണ് (ഇളയരാജ പാലസ് റോഡ്) .ശ്രീമൂലനഗരത്ത് കൈപ്ര ചന്ത എന്ന പേരില്‍ ഒരു പൊതുമാര്‍ക്കറ്റ് നിലവിലുണ്ടായിരുന്നു. കന്നുകാലി, കാര്‍ഷികവിഭവങ്ങള്‍, പുല്ല് എന്നിവ ഇവിടെ നിത്യേന വിപണനം നടത്തിയിരുന്നു. ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ മാര്‍ക്കറ്റ് വളരെ പ്രസിദ്ധമായിരുന്നു. ദേശീയ നവോത്ഥാന കാലഘട്ടത്തില്‍ ആരംഭിച്ച ചൊവ്വര ജനരജ്ഞിനി വായനശാല, തെക്കുംഭാഗം യുവജനസമാജം, എടനാട് ജവഹര്‍ലാല്‍ നെഹ്റു വായനശാലകളും ഈ നാടിന്റെ അനൌപചാരിക വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക സാഹിത്യരംഗത്തും ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.